കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെയാണ് മാറ്റിയത്. ചെന്നൈയിൽ നിന്ന് സ്ഥലം മാറിയ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാറിനാണ് പകരം ചുമതല.
കരുവന്നൂർ കേസിൽ രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്റെ ഭാഗമായി സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനു ഇ ഡി സമൻസ് നൽകിയിരുന്നു. തട്ടിപ്പിന്റെ ഭാഗമായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായിരുന്നവരെയെല്ലാം ഇഡി ചോദ്യം ചെയ്തിരുന്നു. കെ. രാധാകൃഷ്ണനെ മാത്രമായിരുന്നു ചോദ്യം ചെയ്യാൻ ബാക്കിയുണ്ടായിരുന്നത്
കൊച്ചി ഇഡി ഓഫീസിലെ ഇതിൽ യൂണിറ്റ് രണ്ടിൽ നിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളുള്ള യൂണിറ്റ് ഒന്നിലേക്കാണ് രാധാകൃഷ്ണനെ മാറ്റിയത്. കരുവന്നൂർ, ഹൈറിച്ച് തട്ടിപ്പ് കേസ്, പാലിയേക്കര ടോൾ കമ്പനിയുടെ പേരിലുള്ള കേസ്, സപ്ലൈകോ ഉദ്യോഗസ്ഥൻ കോടികൾ തട്ടിച്ച കേസ്, പാതിവില തട്ടിപ്പിലെ അന്വേഷണം എന്നിവയെല്ലാം ഇ ഡി ഓഫീസിലെ യൂണിറ്റ് രണ്ടാണ് അന്വേഷിക്കുന്നത്. ഇതിൽ ഹൈറിച്ചിലും പാലിയേക്കര കേസിലും ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു.
അതേസമയം കരുവന്നൂർ കേസിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് നടപടിക്രമം 95 ശതമാനം പൂർത്തിയായെന്നാണ് സൂചന. എന്നാൽ, പുതിയ അന്വേഷണ ഉദ്യോഗസ്ഥനെത്തുന്നതോടെ കേസ് സംബന്ധിച്ച് പഠിക്കാൻ തന്നെ സമയമെടുത്തേക്കും.