കോഴിക്കോട്: പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ യുവാവ് പിടിയിൽ. വടകരയിലാണ് സംഭവം. തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസൻറ് (30) ആണ് പിടിയിലായത്.
സൈബർ ക്രൈം ഇൻസ്പെക്ടർ സി. ആർ. രാജേഷ്കുമാറും സംഘവുമാണ് മെൽവിനെ പിടികൂടിയത്. ഇയാൾ യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അശ്ലീല മെസ്സേജുകളും കമൻറുകളും പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ അശ്ലീല ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മെസേജ് അയയ്ക്കുകയായിരുന്നു.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്
പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.
സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.