ന്യൂഡൽഹി: ജമ്മു കശ്മീർ, ബീഹാർ, പശ്ചിമ ബംഗാൾ ഉൾപ്പടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇറാഖ്, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ചുഴലിക്കാറ്റുകൾ മൂലമാണ് കാലാവസ്ഥാ മാറ്റം സംഭവിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ബുധനാഴ്ച മുതൽ മാർച്ച് 15 വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മുന്നറിയിപ്പ്.
തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലപ്പുറം, വയനാട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
ഇറാഖിൽ നിന്ന് വടക്കേ ഇന്ത്യയിലേക്ക് ആദ്യ ചുഴലിക്കാറ്റ് നീങ്ങുകയാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഡൽഹി-എൻസിആറിലും പരിസര പ്രദേശങ്ങളിലും ഉയർന്ന താപനിലയിൽ നിന്ന് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം, ബംഗ്ലാദേശിൽ നിന്ന് രണ്ടാമത്തെ ചുഴലിക്കാറ്റ് അടുക്കുന്നുണ്ട്. ഇത് കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമാ മഴയ്ക്ക് കാരണമാകുമെന്ന് പ്രവചിക്കപ്പെടുന്നു.
ഈ ചുഴലിക്കാറ്റ് വടക്കൻ, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
മാർച്ച് പത്ത് മുതൽ പതിനഞ്ച് വരെയാണ് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ പന്ത്രണ്ട് മുതൽ പതിമൂന്നു വരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകുെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുണ്ട്.
രാജസ്ഥാനിൽ പതിമൂന്നുമുതൽ പതിനഞ്ച് വരെ തീയതികളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ തെക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയുണ്ടാകുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.