ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു നേരെ വന്നു. കിരീടം നേടിയാൽ ഏകദിനത്തിൽ നിന്നു വിരമിക്കുമോ? കിരീടം നേട്ടമില്ലെങ്കിൽ രോഹിത് ടീമിൽ നിന്നു പുറത്താകുമോ? തുടങ്ങിയ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നടന്നിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുമോ എന്ന ചോദ്യത്തിനു രോഹിത് തുറന്നടിച്ചു മറുപടി പറഞ്ഞത്.
‘ആദ്യമേ തന്നെ ഞാൻ ഒരു കാര്യം പറയട്ടെ, ഞനൊരിടത്തേക്കും പോകുന്നില്ല, ഏകദിനത്തിൽ നിന്നു വിരമിക്കാനും ഉദ്ദേശിക്കുന്നില്ല, ഭാവി കാര്യങ്ങൾ ഭാവിയിൽ പറയാമെന്നും തത്കാലം നാളെത്തെ കാര്യം സംബന്ധിച്ചു പദ്ധതികളൊന്നും ഇല്ലെന്നുമായിരുന്നു രോഹിതിന്റെ മറുപടി.
ഐസിസിയുടെ നാല് ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന പെരുമ രോഹിതിനു മാത്രം സ്വന്തമാണ്. അതിൽ രണ്ട് കിരീട നേട്ടങ്ങളും. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളിൽ രണ്ടാം കിരീട നേട്ടമെന്ന അപൂർവ ബഹുമതിയും ഇനി രോഹിത്തിന് സ്വന്തം. ദുബായിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു വീഴ്ത്തി ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ 76 റൺസുമായി മുന്നിൽ നിന്നു നയിച്ചതും ക്യാപ്റ്റൻ തന്നെയായിരുന്നു.
തത്കാലം എല്ലാ പതിവു പോലെ തന്നെ തുടരുന്നതായിരിക്കും. സജീവ ക്രിക്കറ്റിൽ തുടരാനുള്ള കരുത്തും ആവേശവും തന്നിക്ക് ഇപ്പോഴുമുണ്ട്. തന്റെ റൺ ദാഹവും തീർന്നിട്ടില്ലെന്നു രോഹിത് പറയാതെ തന്നെ വ്യക്തമാക്കി.
ലോകകപ്പ് നേട്ടത്തിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്നു രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻസി സംബന്ധിച്ചും താരത്തിന്റെ ബാറ്റിങ് ഫോം സംബന്ധിച്ചും സമീപ കാലത്ത് വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
അപ്പോഴൊന്നും രോഹിത് അതിനെതിരെ പ്രതികരിക്കാനോ തെളിയിക്കാനോ ഒന്നും നിന്നിരുന്നില്ല. ഫൈനലിൽ പക്ഷേ ഉജ്ജ്വലമായ ക്യാപ്റ്റൻസി മികവു കൊണ്ടും ബാറ്റിങ് കരുത്തു കൊണ്ടും ഹിറ്റ്മാൻ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്.