കാസര്‍കോട്: ‘യുഎയില്‍ ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടത്തിന് ശേഷം മകനെ കണ്ടിട്ടില്ല. 2006 ലാണ് അവന്‍ യുഎഇയില്‍ ഡ്രൈവർ ജോലിക്കായി എത്തിയത്.
ആഴ്ചയില്‍ രണ്ടുതവണ എങ്കിലും എന്നെ വിളിക്കാറുണ്ടായിരുന്നു. 2009 ലാണ് കൊലപാതക കേസില്‍പ്പെട്ടത്. 2025 ഫെബ്രുവരി 14 നാണ് അവസാനമായി അവൻ വിളിക്കുന്നതും, യുഎഇയിലെ അധികാരികളോട് മകന്‍ കുറ്റം സമ്മതിച്ചതായി പിന്നീട് അറിഞ്ഞു… പിന്നീട് കേൾക്കുന്നത്…
‘ യുഎഇ വധശിക്ഷ നടപ്പാക്കിയ കാസര്‍കോട് പൊടാവൂരിലെ മുരളീധരന്‍ പി വി (43) യുടെ അമ്മ ജാനകി വി വി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകക്കുറ്റത്തിന് യുഎഇ വധശിക്ഷ നടപ്പാക്കിയ രണ്ട് മലയാളികളില്‍ ഒരാളാണ് മുരളീധരന്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട സംഭവത്തിൽ മുരളീധരന് പങ്കുണ്ടെന്നായിരുന്നു കേസ്. 2009 ല്‍ അല്‍ ഐനിലാണ് സംഭവം നടന്നത്.
മുരളീധരന്റെ പിതാവ് കേശവന്‍ വര്‍ഷങ്ങളായി യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. ഇതിനുപിന്നാലെയാണ് മുരളീധരന്‍ യുഎഇയിലെ അല്‍ ഐനിലേക്ക് ഡ്രൈവറായി ജോലിയില്‍ കയറുന്നത്.
കേശവന്‍ ഇതിനിടെ ജയിലില്‍ വെച്ച് മകനെ പലതവണ കണ്ടിരുന്നു.മകനെ മോചിപ്പിക്കാന്‍ കേശവന്‍ പല വഴികളും തേടിയിരുന്നു. മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് നേടാന്‍ വരെ ശ്രമിച്ചിരുന്നു.
ഫെബ്രുവരി 14 ന് വൈകുന്നേരം വീട്ടിലേക്ക് വിളിച്ച് വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് സഹോദരി സൗമ്യ പറഞ്ഞു.
എന്നാല്‍ കുടുംബം എംബസിയിയെ സമീപിച്ചപ്പോള്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല, എന്നാല്‍ പിന്നീട്പെട്ടെന്നാണ് മുരളീധരന്റെ വധശിക്ഷ നടപ്പാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. കേശവന്റെയും ജാനകിയുടെയും മൂത്ത മകനായ മുരളീധരന് സൗമ്യ, മുകേഷ് എന്നീ രണ്ട് സഹോദരങ്ങളുണ്ട്.