നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. അഫാൻ ആശുപത്രിയിലായതിനാൽ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കൊല നടത്തി എട്ടാംദിവസമാണ് അഫാനെ ജയിലിലേക്ക് മാറ്റുന്നത്. അഫാനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
കൊലപാതകങ്ങൾക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്.
സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്.









