വെള്ളറട: തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാംവർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്ന് പരാതി. ഒന്നാംവർഷ ബി.കോം വിദ്യാർഥി എസ്.ആർ. ആദിഷിനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
രണ്ടാംവർഷ ബി.കോം വിദ്യാർഥിയായ ജിതിനെതിരെയാണ് പരാതി നൽകിയത്. ആദിഷിൻറെ പിതാവ് ശ്രീകുമാറാണ് ആര്യംകോട് പൊലീസിനും കോളജ് അധികൃതർക്കും പരാതി നൽകിയിരിക്കുന്നത്.
മർദനത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോളാണ് മർദ്ദന വിവരം പുറത്തറിയുന്നത്.
ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മാസങ്ങൾക്ക് മുമ്പ് ജിതിനും മറ്റൊരു വിദ്യാർഥിയും തമ്മിൽ കോളജ് പരിസരത്ത് വാക്കേറ്റവും കൈയാങ്കളിയും നടക്കുകയായിരുന്നു.
ഈ വിഷയത്തിൽ അന്ന് ആദിഷ് ഇടപെട്ടതിനുള്ള വൈരാഗ്യമാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.
ജിതിനും സംഘവും ആദിഷിനെ മർദിക്കാൻ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. സ്കൂൾ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.
നിലവിൽ ആദിഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.