ലണ്ടൻ: യുകെയിൽ മലയാളി സാമൂഹ്യ പ്രവർത്തകന് നേരെ അതിക്രമം. കോട്ടയം സ്വദേശിയായ റോയ് ജോസഫിൻ്റെ യു കെയിലെ വീട്ടിലാണ് അതിക്രമികൾ കടന്നു കയറിയത്.
ഇംഗ്ലണ്ടിലെ അച്ചായൻമാർ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൻ്റെ അഡ്മിനായ റോയ് ജോസഫ് വിസ തട്ടിപ്പുകാർക്കെതിരെ തൻ്റെ ഫെയ്സ് ബുക്ക് ഗ്രൂപ്പിലൂടെ പ്രതികരിച്ചിരുന്നു.
ഇതിൻ്റെ വൈരാഗ്യം തീർക്കാൻ രണ്ടംഗ സംഘം റോയിയുടെ വീട്ടിലെത്തുകയായിരുന്നു. അതിക്രമം തുടങ്ങിയപ്പോൾ തന്നെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
എന്നാൽ പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു. ഇംഗ്ലണ്ടിലെ അച്ചായൻമാർ ഗ്രൂപ്പിലുള്ള സുഹൃത്തുക്കളാണ് ഈ വിവരം പുറത്തുവിട്ടത്.
യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുകയും പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ വാങ്ങി നൽകുകയും ചെയ്തിട്ടുള്ള ആളാണ് റോയ് ജോസഫ്.
ഇത്തരത്തിലുള്ള തട്ടിപ്പിന് കളമൊരുങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ച റോയ് അടുത്തിടെ രണ്ടു പേർക്കെതിരെ പോസ്റ്റ് ഇട്ടിരുന്നു. മലയാളികളായ ഇവരുടെ ഫോട്ടോ സഹിതമുള്ള തട്ടിപ്പ് വിവരങ്ങൾ പുറത്തുവിടുകയായിരുന്നു.
ഇതേ തുടർന്ന് ഫോണിലും സോഷ്യൽ മീഡിയയിലും റോയിക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് വീടുകയറിയുള്ള ആക്രമണത്തിന് ഇവർ മുതിർന്നത്. ഇവരെ പിന്നീട് യു.കെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതെ ഉള്ളു. ഇംഗ്ലണ്ടിലെ അച്ചായൻമാർക്കും റോയ് ജോസഫിനും അവരുടെ തട്ടിപ്പുകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും ന്യൂസ് 4 മീഡിയ എന്നും കൂടെയുണ്ടാകും.