ആലപ്പുഴ: മോഷണമുതൽ വാങ്ങിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത സ്വർണവ്യാപാരി മരിച്ചത് പൊലീസിൻറെ ക്രൂരമായ മർദനം മൂലമാണെന്ന് മകൻ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പി.ആർ. രതീഷ് ആരോപണവുമായി രംഗത്തെത്തിയത്.
മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണൻറെ മരണവുമായി ബന്ധപ്പെട്ട ദൂരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഹമ്മയിലെ സ്വർണക്കടയിൽനിന്ന് ഈമാസം ആറിന് വൈകീട്ടാണ് മഫ്തിയിലെത്തിയ പൊലീസുകാർ രാധാകൃഷ്ണനെ കൂട്ടിക്കൊണ്ടുപോയത്.
രാത്രി കട അടക്കാറായിട്ടും എത്താതിരുന്നതോടെ രാത്രി 9.30ന് വിളിച്ചെങ്കിലും താമസിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിറ്റേന്ന് പുലർച്ചെ 3.50ന് കടുത്തുരുത്തി സ്റ്റേഷനിൽനിന്ന് വിളിച്ചു. രാവിലെ എത്തിയെങ്കിലും ഉച്ചക്ക് ഒന്നിനാണ് അച്ഛനെ കാണാതായത്.
രാവിലെ കണ്ടപ്പോൾ തന്നെ വളരെ അവശനായിരുന്നു. കവിളിൽ മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. നടക്കാൻപോലും വയ്യാത്ത അവസ്ഥയിലായിരുന്നു.
വൈകീട്ട് നാലിനാണ് കടയിലേക്ക് എത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപൊലീസുകാർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി തൻറെ കൺമുന്നിൽവെച്ച് മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തതിന് പിന്നാലെ നിലത്തുവീണു. ഈസമയം കടുത്തുരുത്തി സി.ഐ വെള്ളംപോലെ തോന്നിക്കുന്ന ഒരുദ്രാവകം എടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പിന്നീട് ബോധരഹിതനായ അദ്ദേഹത്തെ ജീപ്പിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴങ്ങുകയായിരുന്നു.
146 ഗ്രാം സ്വർണമാണെന്നാണ് പൊലീസുകാർ പറഞ്ഞത്. ഇതിനുശേഷം തൊണ്ടി മുതൽ എടുത്തതായും അറിയില്ല. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും മകൻ ആവശ്യപ്പെട്ടു.
അതേസമയം അന്യായമായ സ്വർണ റിക്കവറിയുടെ പേരിൽ പൊലീസ് കസ്റ്റഡിൽ സ്വർണവ്യാപാരി രാധാകൃഷ്ണൻറെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ. ഈ ആവശ്യമുന്നയിച്ച് ഈമാസം 25ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് രാധാകൃഷ്ണന്റെ കുടുംബവും പങ്കെടുക്കും.
റിക്കവറിക്ക് പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങൾ ഒന്നും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം. കടയുടെ തൊട്ടടുത്തുള്ള മകനെയും വീട്ടുകാരെയും വിവരങ്ങൾഅറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. മോഷ്ടാവിന്റെ മൊഴിയുടെ പേരിൽ റിക്കവറി നടത്താമെന്ന നിയമം ദുരൂപയോഗം ചെയ്ത് കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്തത്.
മോഷ്ടാവ് വിൽപന നടത്തി കിട്ടുന്ന പണം മോഷ്ടാവിനെ പിടികൂടുമ്പോൾ പൊലീസ് സി.സി ചെയ്യാറുണ്ട്. ഇത്തരത്തിൽ കണ്ട് കെട്ടുന്ന പണം എഫ്.ഐ.ആറിലും കോടതിക്ക് മുമ്പാകെയും എത്തുന്നില്ല എന്നാണ് ആക്ഷേപം.
രാധാകൃഷ്ണണൻറെ കുടുംബത്തിനുള്ള അടിയന്തരസഹായമായി 50,000 രൂപ മകൻ രതീഷിന് കൈമാറിയിരുന്നു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് റോയി പാലത്ര, ഉപദേശക സമിതി ചെയർമാൻ കൊടുവള്ളി സുരേന്ദ്രൻ, സെക്രട്ടറി നസീർ പുന്നക്കൽ, ജില്ല ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ, ട്രഷറർ എബി തോമസ്, പരീത് കുഞ്ഞാശൻ, വിഷ്ണു, സാഗർ, രതീഷ് എന്നിവർ സംബന്ധിച്ചു.