നന്നായി ഉറങ്ങാന്‍ സാധിക്കാതെ, ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇന്‍സോമ്‌നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. സമ്മര്‍ദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്‌നിയയ്ക്ക് കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്.
ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയും. പോഷകങ്ങളായ മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും.
അമിനോആസിഡ് ആയ ട്രിപ്‌റ്റോഫാന്‍, സെറോടോണിന്‍ ആയി തലച്ചോര്‍ മാറ്റുന്നു. ഇത് മെലാടോണിന്‍ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇന്‍സോമ്‌നിയയിലേക്കും മറ്റ് ഉറക്ക രോഗങ്ങളിലേക്കും നയിക്കും. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.
ചൂട് പാല്‍
പാലില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍, മെലാടോണിന്‍ ഇവ നല്ല ഉറക്കത്തിനു സഹായിക്കും.
ബാര്‍ലിഗ്രാസ് പൊടിച്ചത്
ബാര്‍ലിച്ചെടിയുടെ ഇലകള്‍ പൊടിച്ചതില്‍ ഉറക്കത്തിനു സഹായിക്കുന്ന നിരവധി സംയുക്തങ്ങള്‍ ഉണ്ട്. കാല്‍സ്യം, GABA, ട്രിപ്‌റ്റോഫാന്‍, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഇതിലുണ്ട്.
വാള്‍നട്ട്
നല്ല ഉറക്കം ലഭിക്കാന്‍ വാള്‍നട്ട് സഹായിക്കും. ഇവയില്‍ മെലാടോണിന്‍ ധാരാളമുണ്ട്. വാള്‍നട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. ഇതില്‍ ആല്‍ഫാ- ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് DHA ആയി മാറുന്നു. സെറാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ DHA സഹായിക്കും.
മത്തങ്ങാക്കുരു വറുത്തത്
മത്തങ്ങാക്കുരു ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്‌റ്റോഫാന്‍. മത്തങ്ങാക്കുരുവിലടങ്ങിയ സിങ്ക്, കോപ്പര്‍, സെലെനിയം എന്നിവയും സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.
വാഴപ്പഴം
ഉറക്കത്തിനു സഹായിക്കുന്ന പോഷകങ്ങളായ മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍, വൈറ്റമിന്‍ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം വാഴപ്പഴത്തിലുണ്ട്.
ചിയ വിത്ത്
ട്രിപ്‌റ്റോഫാന്‍ ധാരാളം അടങ്ങിയ ചിയ വിത്ത് കുതിര്‍ത്തത് നല്ല ഉറക്കം ലഭിക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും.