തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവില്‍ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.
അരനൂറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. ഏഴ് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആഭ്യന്തരം, തൊഴില്‍, ധനകാര്യം എന്നീ വകുപ്പുകളിലും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.