എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയാണ് (54) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടിനുള്ളിലെ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മധ്യവയസ്കയുടെ മൃതദേഹം. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കും.