കോട്ടയം: അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്. കോട്ടയത്താണ് സംഭവം. നഗരം ഇരുട്ടിലായത് ഒരു മണിക്കൂർ നേരമാണ്. ഞായർ രാത്രി 9.57 നും പത്തിനും ഇടയിലായിരുന്നു സംഭവം നടന്നത്. ജില്ലാ ബാങ്കിനു മുന്നിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റിലെ എ.ബി സ്വിച്ചാണ് യുവാവ് ഊരിയത്. ഇതോടെ നഗരമധ്യത്തിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി.
സെൻട്രൽ ജങ്ഷനിലെ ട്രാൻസ്‌ഫോമറിലടക്കം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്നു നാട്ടുകാർ കോട്ടയം സെൻട്രൽ കെ.എസ്.ഇബി സെക്ഷനിൽ ബന്ധപ്പെട്ടപ്പോഴാണു വൈദ്യുതി ബന്ധം വിചേ്ഛദിക്കപ്പെട്ട വിവരം കെ.എസ്.ഇ.ബി അധികൃതർ അറിയുന്നത്.
തുടർന്നു കെ.എസ്.ഇ.ബി. കോട്ടയം സെൻട്രൽ സെക്ഷൻ അധികൃതർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയതോടെയാണ് എ.ബി സ്വിച്ച് ഊരിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. തുടർന്നു വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
എ.ബി സ്വിച്ച് ഷോർട്ടായി തീ പടരുന്ന സാഹചര്യം ഉണ്ടാകാതിരുന്നതിനാൽ ഒഴിവായത് വൻ അപകടമാണ്. കെ.എസ്.ഇ.ബി. സെൻട്രൽ സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.