പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് ചെന്താമരായുമായി പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചത്. മകളെ ഒരുപാട് ഇഷ്ടമാണെന്നും അവൾ ജീവനാണെന്നും, തൻറെ വീട് മകൾക്ക് നൽകണമെന്നും ചെന്താമര പൊലീസിന് മൊഴി നൽകി.
ചെന്താമര കൊടുവാൾ വാങ്ങിയത് എലവഞ്ചേരിയിൽ നിന്ന് തന്നെയാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ആയുധം വാങ്ങിയ കടയിലും പൊലീസ് തെളിവെടുപ്പ് നടത്തി. കടയുടമ ശ്രീധരൻ ചെന്താമരയെ തിരിച്ചറിഞ്ഞു. ഇന്നലെയും പൊലീസ് കസ്റ്റഡിയിലിരിക്കെ മറ്റൊരാളെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര വെളിപ്പെടുത്തിയിരുന്നു.
അയൽവാസിയായ പുഷ്പയാണ് തൻറെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പക്ഷെ പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൻറെ മകൾക്ക് വീട് നൽകാനുള്ള ആഗ്രഹം പൊലീസിനോട് പ്രതി വെളിപ്പെടുത്തിയത്. തെളിവെടുപ്പ് ഇന്ന് ഉച്ചവരെ തുടരും. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി. അതിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.