സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഈ കടയിൽ മോഷണം നടക്കുന്നത്.
ജനുവരി 8 ന് ആണ് ആദ്യമോഷണം നടന്നത്. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങൾ മോഷ്ടാക്കൾ കവർന്നിരുന്നു.
അന്ന് സിസിടിവിയും മോഷ്ടാക്കൾ തകർത്തിരുന്നു. സുരക്ഷാ ഉപകരണങ്ങൾ പുതിയതായി ഇൻസ്റ്റാൾ ചെയ്യാനിരിക്കെയാണ് ഇന്നലെ വീണ്ടും മോഷണം നടന്നത്.
കടയുടെ പുറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഇന്നലത്തെ മോഷണത്തിൽ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി കട ഉടമ നിധിൻ പറഞ്ഞു.
മലയാളികൾ നിരവധിയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓൺ ട്രെന്റ്.മലപ്പുറം സ്വദേശിയായ നിധിൻ സ്റ്റോക്ക് മാർക്ക് എന്ന പേരിലാണ് ഷോപ്പ് നടത്തുന്നത്.
നിധിൻ യുകെയിൽ വന്നിട്ട് നാലുവർഷമായി. സ്റ്റുഡൻറ് വിസയിൽ ഇവിടെ വന്ന നിധിൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്.
എന്നാൽ കട തുടങ്ങി രണ്ടു മാസമായപ്പോഴേക്കും മനസ് മടുക്കുന്ന തിരിച്ചടിയാണ് നിധിൻ നേരിട്ടത്. ഹോസ്പിറ്റലിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് മോഷണം നടന്നത്.









