കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചർച്ചയിലേക്ക് കടന്നതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്.
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങൾ ഉയർത്തിയതിന് പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു. സിപിഎം അംഗമായ കലാ രാജുവും യുഡിഎഫ് അംഗങ്ങൾക്കൊപ്പം പ്രതിഷേധിക്കാൻ ഇറങ്ങി.
പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു. നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിൻവലിക്കണമെന്നും യുഡിഎഫ് അംഗങ്ങളും കലാരാജുവും ആവശ്യപ്പെട്ടു.
നഗരസഭയുടെ വാഹനം എങ്ങനെ പൊലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങൾ ചോദിച്ചു.
ഇക്കാര്യങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ കൗൺസിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കുകയായിരുന്നു.