ന്യൂഡൽഹി: ന്യൂഡൽഹിയിൽ ‘അമേരിക്കയിൽ നിന്നുള്ള ബ്രസീലിയൻ മോഡൽ’ ചമഞ്ഞ് സൈബർ തട്ടിപ്പും ലൈംഗീകാതിക്രമവും നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മോഡൽ എന്ന വ്യാജേന 700 സ്ത്രീകളെയാണ് 23 കാരനായ യുവാവ് പറ്റിച്ചതെന്നാണ് റിപ്പോർട്. സാമൂഹിക മാധ്യമങ്ങളിൽ യുവതികൾക്കും വീട്ടമ്മമാർക്കുമായി വലവിരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
യു എസിൽ നിന്നുള്ള ബ്രസീലിയൻ മോഡൽ ആണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയാണ് യുവാവിന്‍റെ പതിവ്. പിന്നീട് ഇവരിൽ നിന്ന് കൈക്കലാക്കുന്ന സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടും.
ഇരകളെ കബളിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങളും റെക്കോർഡിംഗുകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് തുഷാർ ബിഷ്തെന്ന യുവാവിനെ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബംബിൾ, സ്‌നാപ്ചാറ്റ് തുടങ്ങിയ ന്യൂ ജനറേഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രതി, സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബംബിളിലൂടെ 500 സ്ത്രീകളെയും സ്‌നാപ്ചാറ്റിലൂടെ 200 പേരെയും പറ്റിച്ചെന്നാണ് ഡൽഹി പൊലീസ് വിവരിച്ചത്.