കൊച്ചി: 2025നെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ആദ്യം പുതുവർഷം പിറക്കുന്നത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ്.
പിന്നീട്ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും.
എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. യുകെയിലെ പുതുവർഷാഘോഷം ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാണ്. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം.
ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
പുതുവര്‍ഷത്തെ വരവേൽക്കാനായി കൊച്ചിയും ഒരുങ്ങിയിരിക്കുകയാണ്. ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ മലയാറ്റൂരിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്.
ഇക്കുറിഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പൊലീസ് പറഞ്ഞു.