കൊച്ചി: കളമശ്ശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെയാനയിരുന്നു അപകടം നടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ക്രഷറിൽ കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഹൈഡ്രോളിക് ജാക്കി തകരാറിലാകുന്നത്.
പെട്ടെന്ന് കാബിനിലുണ്ടായിരുന്ന ഡ്രൈവർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നതും തല തൊട്ടടുത്ത ഷീറ്റിൽ ഇടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
ടിപ്പറിനെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഡ്രൈവറുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
സമീപത്തെ ഇരുമ്പ് പൈപ്പിൽ തലയിടിച്ചതിനെ തുടർന്നാണ് അജു മോഹനൻ മരിച്ചത്. അപകട ശേഷം അജുവിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം നേരിട്ടെന്നും പരാതി ഉയരുന്നുണ്ട്.