വാർത്തയിൽ തെറ്റായ ചിത്രം നൽകിയ മലയാള മനോരമ ദിനപത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് മണികണ്ഠൻ ഇക്കാര്യം അറിയിച്ചത്.
‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടൻ മണികണ്ഠന് സസ്‌പെൻഷൻ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് നടൻ മണികണ്ഠൻ ആചാരിയുടെ ചിത്രം തെറ്റായി നൽകിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ പത്രത്തിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം മനോരമ നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രമാണ്.
വേണ്ടത്ര ശ്രദ്ധയില്ലാതെ വാർത്ത നൽകിയ മലയാള മനോരമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുയർന്നതിന് പിന്നാലെയാണ് നടൻ നിയമ നടപടിക്ക് ഒരുങ്ങുന്നത്. അടുത്ത മാസം ചെയ്യേണ്ട പുതിയ തമിഴ് സിനിമയുടെ കൺട്രോളർ തന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മണികണ്ഠൻ പറഞ്ഞു.
‘മനോരമക്ക് എന്റെ പടം കണ്ടാൽ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠൻ പറഞ്ഞു
അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ മണികണ്ഠൻ പറഞ്ഞു