എയർ ഇന്ത്യ ക്രൂ മെമ്പറിന്റെ കൊലപാതകം; ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ; കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു. Murder of Air India crew member; lady arrested
എയർ ഇന്ത്യ ക്രൂ മെമ്പർ കൊല്ലപ്പെട്ട കേസിൽ ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ. ഗുണ്ടാനേതാവായ കാജൽ കത്രിയെ ആണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്.
നോയിഡയിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. ജയിലിലുള്ള തന്റെ സഹോദരനും ഗുണ്ടാ നേതാവുമായ പർവേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപിൽ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേഷ് മൻ ജയിലിൽ കഴിയുന്നത്.
സൂരജിന്റെ കൊലപാതകത്തിന് മുൻപ് ജയിലുള്ള കപിലിനെ കാജൽ സന്ദർശിച്ചെന്നും ഗൂഡാലോചന ആസൂത്രണം ചെയ്തെന്നും പോലീസ് വ്യക്തമാക്കി.
ജയിൽ കഴിയുന്ന ഗുണ്ടാനേതാവ് കപിൽ മന്നുമായി 2019-ൽ തന്റെ വിവാഹം കഴിഞ്ഞതായി കാജൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ഗുണ്ടാസംഘത്തിലെ സജീവ അംഗമായി കാജൽ മാറുകയായിരുന്നു.
ഗുണ്ടാ നിയമപ്രകാരം കാജലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് നോയിഡ ഡി.സി.പി മനീഷ് കുമാർ മിശ്ര പറഞ്ഞു. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു.