കോട്ടയം: ഗുരുതര ആരോപണങ്ങളുയര്‍ന്ന എഡിജിപി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ പോലീസുകാർക്കിടയിൽ അമർഷം പുകയുന്നു. Short of the message circulating in police groups mocking the current problems in the force
സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെ:
‘പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’പല ഉദ്യോഗസ്ഥർക്ക് പല നീതിയെന്ന തരത്തിലാണ് പൊലീസുകാർക്കിടയിലെ ചർച്ച.
മുൻ എസ്പി ചാനൽ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുന്ന വിഡിയോയും പൊലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്.
‘മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ സർവീസിൽനിന്ന് നീക്കം ചെയ്തു, തേക്കും മഹാഗണിയും വെട്ടിയയാൾ ഇപ്പോഴും സർവീസില്‍ തുടരുന്നു. ഏതാണ് വലിയ കുറ്റം’ എന്നായിരുന്നു മുൻ എസ്പിയുടെ വിമർശനം.
മരം മുറിച്ചു കടത്തിയെന്ന ആരോപണം നേരിടുന്ന മുൻ മലപ്പുറം എസ്പി സുജിത് ദാസിനെതിരായിരുന്നു ആക്ഷേപം. സേനയിൽ അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിക്കുന്നതിന് 2023ൽ നടന്ന സംഭവമാണ് റിട്ട.എസ്പി ചൂണ്ടിക്കാട്ടിയത്.
പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയാണ് 2023ൽ പിരിച്ചു വിട്ടത്. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെതിരെയാണു നടപടി എടുത്തത്.
2022 സെപ്റ്റംബർ 30ന് പുലർച്ചെ നാലിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്കു മുന്നിൽ വച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്ടിച്ചെന്നായിരുന്നു കേസ്.
കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഇതേത്തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. പിന്നീട് കടയുടമ പരാതി പിൻവലിച്ചു. ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ അംഗീകരിച്ച് കോടതി കേസ് തീർപ്പാക്കി.
എന്നാൽ, പൊലീസിന്റെ സൽപേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്തു. 2023 ഏപ്രില്‍ 23ന് സർവീസിൽനിന്ന് പിരിച്ചുവിട്ടു.