നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ നടപടിക്ക് സാധ്യത.Possible action against Chief Minister’s Political Secretary P. Sasi
പോലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കുന്നത് മാഫിയകളാണെന്നും ഇതിന് ഉത്തരവാദി ശശിയാണെന്നും തുടങ്ങിയുള്ള അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തില്‍ ആക്കിയിരിക്കെയാണ് ശശിയെ മാറ്റുന്നതാകും നല്ലത് എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.
അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായിരിക്കെ ശശിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും സമ്മര്‍ദമുണ്ട്. സിപിഐയും ശശിയെ മാറ്റണം എന്ന ആവശ്യത്തിലാണ്.
സിപിഎമ്മിനെതിരെയുള്ള ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളില്‍ നടപടി വേണം എന്ന ആവശ്യം ഇടതുമുന്നണിയിലുമുണ്ട്. മുഖം മിനുക്കാനുള്ള നടപടികളില്‍ ഒന്ന് ശശിയെ മാറ്റുന്നതാണ് എന്ന അഭിപ്രായം സിപിഎം നേതാക്കളിലുണ്ട്. ഇതെല്ലാം അവഗണിച്ച് മുന്നോട്ടു പോകുക സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രയാസവുമാണ്.
അന്‍വറിന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഭരണതലത്തില്‍ നടപടികളുണ്ടാവുമെന്നാണ് സിപിഐക്കു ലഭിച്ച ഉറപ്പും. ഇതെല്ലാം ശശിയുടെ മാറ്റത്തിലേക്ക് വഴിവയ്ക്കുന്ന തരത്തിലുള്ളതാണ്.