ഇടുക്കി: ഇരവികുളത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുകയാണ്.(Again wild elephant clash at idukki)
ഏറ്റുമുട്ടൽ തുടർന്ന ആനകളെ പടക്കം പൊട്ടിച്ചാണ് മാറ്റിയത്. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് മുറിവാലൻ കൊമ്പൻ്റെ പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി. വനം വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും ആനയുടെ ആരോഗ്യനിലയിൽ മാറ്റം വന്നില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെയോടെ മുറിവാലൻ കൊമ്പൻ ചരിഞ്ഞു.