എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരായ പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ അജിത്കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചു. (Govt to protect Ajith Kumar and investigate: Will not remove him from his post:)
മുഖ്യമന്ത്രിയും പോലീസ് മേധാവി ദര്‍വേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു.
ഇത് പി. ശശിയെക്കൂടി മാറ്റേണ്ടി വരുന്നതിലേക്ക് നയിക്കുമെന്നും അത് രാഷ്ട്രീയമായി വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും വിലയിരുത്തിയാണ് തീരുമാനം. അജിത്തിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് മുഖ്യമന്ത്രിയാണ്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക.
ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്‍, എസ്.പി. എ. ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
അതേസമയം ഇക്കാര്യങ്ങളില്‍ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അറിയിച്ചു.