കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്.Police registered a case against M M Mukesh MLA on the sexual harassment complaint of the actress
ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 മണിക്കൂറോളം നീണ്ടിരുന്നു.
മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്‍കിയ മൊഴി.
സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയത്.
ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.