കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.Union Minister George Kurien was elected to the Rajya Sabha unopposed
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു.
നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒൻപത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയോടെയാണ് എൻഡിഎ കേവല ഭൂരിപക്ഷം നേടിയത്.
245 ആണ് രാജ്യസഭയിലെ അംഗസംഖ്യ. ജമ്മു കശ്മീരിൽനിന്ന് നാല് അംഗങ്ങളും നാല് നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെടെ എട്ട് അംഗങ്ങളുടെ ഒഴിവ് രാജ്യസഭയിലുണ്ട്. അതിനാൽ നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്.