ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ലഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Crimes against women will not be tolerated and strict action will be taken; Prime Minister Narendra Modi)
‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണെന്ന് എല്ലാ സംസ്ഥാന സർക്കാരുകളോടും ഞാൻ ഒരിക്കൽ കൂടി പറയുന്നു. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത്’ – മോദി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കുകയാണെന്നും മോദി അറിയിച്ചു.
നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുമെന്നും ഇരകൾക്ക് നീതി ഉറപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ നിയമ സംഹിതയിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ താൽപര്യമില്ലെങ്കിൽ ഓൺലെെനിലൂടെ എഫ്ഐആർ ( ഇ- എഫ്ഐആർ) ഫയൽ ചെയ്യാം. ഇ- എഫ്ഐആർ മാറ്റോനോ തിരുത്താനോ ആർക്കും കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.