തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നും ഉഷ ഹസീന വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു.(Actress usha haseena against malayalam film director)
ഒരു സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവവും ഉഷ പങ്കുവെച്ചു. ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്റെ അച്ഛനൊപ്പമാണ് പോയത്. ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റിൽ വരുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇൻസൾട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു എന്നും അവർ പറഞ്ഞു.
മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരിൽ അവരുടെ ബാൻ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോൾ അറിയില്ല, അവർ മുൻകൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേർ ചേർന്നാണ് ഇത് ചെയ്യുന്നതെന്ന് അന്നറിയില്ല. ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത് എന്നും ഉഷ ഹസീന പ്രതികരിച്ചു.