കൊച്ചി: സൈബർ തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെടാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർ. മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്‌റഫാണ് സൈബർ തട്ടിപ്പുകാരുടെ കെണി പൊട്ടിച്ചത്.Auto driver in Kochi did not fall into the trap of cyber fraud gang
മുഹമ്മദ് അഷ്‌റഫ് അയച്ച പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനിൽ അറിയിക്കുമെന്നുമായിരുന്നു മുഹമ്മദ് അഷ്‌റഫിനെ വിളിച്ച തട്ടിപ്പുകാരന്റെ ഭീഷണി.
എന്നാൽ, തട്ടിപ്പൊന്നും തന്റെയടുത്ത് വിലപ്പോകില്ലെന്ന് മുഹമ്മദ് അഷ്‌റഫ് തുറന്നുപറഞ്ഞതോടെ വിളിച്ചയാൾ കോൾ കട്ടുചെയ്ത് പോകുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മുഹമ്മദ് അഷ്‌റഫിന് ഫോൺകോൾ വന്നത്. അന്തർദേശീയ പാഴ്‌സൽ കമ്പനിയുടെ ഓഫീസിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. നിങ്ങൾ ചെന്നൈയിൽനിന്ന് മുംബൈക്ക് പാഴ്‌സൽ അയച്ചിട്ടുണ്ടോയെന്നായി ചോദ്യം. ഇല്ലെന്ന് ഹിന്ദിയിൽ തന്നെ മുഹമ്മദ് മറുപടി നൽകി.
പക്ഷേ, പാഴ്‌സലിനൊപ്പം നിങ്ങളുടെ ഫോൺ നമ്പരും മേൽവിലാസവുമാണെന്നും അടുത്തയിടെ എന്തെങ്കിലും ഓൺലൈൻ വ്യാപാരം നടത്തിയിരുന്നോയെന്നുമായി ചോദ്യം.
ഇല്ലെന്ന മറുപടി ആവർത്തിച്ചതോടെ അങ്ങേതലയ്ക്കൽ സ്വരം കടുത്തു. നിങ്ങൾ അയച്ച പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പനി നയമനുസരിച്ച് പോലീസിനെ അറിയിക്കുമെന്നും ഉടൻ മുംബൈ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഭീഷണിയായി.
ഇത്തരം ഫോൺകോളുകളെക്കുറിച്ച് കേട്ടിട്ടുള്ള അഷ്റഫിന് ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. ഇത് തട്ടിപ്പാണെന്നും താൻ സൈബർ സെല്ലിന് നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കുമെന്നുമറിയിച്ചതോടെ മറുതലയ്ക്കൽ ഫോൺ കട്ടായി. സംഭവം പോലീസിനെ അറിയിച്ചതായി മുഹമ്മദ് വ്യക്തമാക്കി.