ഒറ്റപ്പെടലിന്റെ വേദനയുണ്ടെന്നും ഡിപ്രഷൻ സ്റ്റേജിലാണെന്നുമുള്ള വീഡിയോ കൂട്ടുകാർക്ക് അയച്ച ശേഷം കൊച്ചിയിലെ ബിഒടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി വിദ്യാർത്ഥി. പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി സഫ്രാനാണ് ഇന്നലെ വൈകീട്ട് കായലിൽ ചാടിയത്. ഇതുവരെയും വിദ്യാർത്ഥിയെ കണ്ടെത്താനായിട്ടില്ല. സഫ്രാനായുള്ള തിരച്ചിൽ തുടരുകയാണ്.Student jumps from BOT bridge in Kochi into lake after sending video to friends saying he is suffering from isolation and is in depression stage
ഫയർ ആൻ്റ് റെസ്ക്യൂ സംഘത്തിനൊപ്പം നാവിക സേനയിലെ മുങ്ങൽ വിദഗ്ദരും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് പാലത്തിൽ നിന്നും വിദ്യാർത്ഥി കായലിലേക്ക് ചാടിയത്. ദേശീയ ജലപാതയായതിനാൽ വലിയ ആഴമുള്ള കായലാണിത്.
ശക്തമായ അടിയൊഴുക്കും വേലിയേറ്റവുമുള്ളതിനാൽ വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ആളെ കണ്ടെത്താൻ സമയമെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുൾപ്പെടെ പറയുന്നത്.
അതേസമയം ഇന്നലെ പാലത്തിലേക്ക് ഓടിയെത്തിയ സഫ്രാനെ കൂട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ കൂട്ടുകാരുടെ കയ്യിൽ നിന്ന് കുതറിമാറി സഫ്രാൻ കായലിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ പറഞ്ഞു. ഗുജറാത്തി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സഫ്രാൻ.
ഒറ്റപ്പെടലിന്റെ വേദനയുണ്ടെന്നും ഡിപ്രഷൻ സ്റ്റേജിലാണെന്നുമുള്ള വീഡിയോ കൂട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് വെള്ളത്തിലേക്ക് എടുത്തുചാടിയത്.
നേവിയിൽ നിന്നുള്ള വിദഗ്ധ സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രിയും സഫ്രാനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഹെലികോപ്റ്ററിലുൾപ്പെടെ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഫോർട്ടു കൊച്ചി, കുണ്ടന്നൂർ ഭാഗത്തും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.