ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിടങ്ങളിലാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്.(Japan earthquake: Tsunami warning after enormous 7.1-magnitude tremor)
ഭൂചലനത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭൂചലനത്തിൻ്റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.