തിരുവനന്തപുരം: പേരുമാറ്റത്തിനൊരുങ്ങി തലസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകൾ. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നും അറിയപ്പെടും. ഈ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.(2 railway stations are being renamed in thiruvananthapuram)
പേര് മാറ്റം വഴി സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പെരുമാറ്റം. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.
നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളതെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും ആണ് സർക്കാർ കരുതുന്നത്.