മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടമായ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകാനുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാൽ വെറും 22 മണിക്കൂർ നേരം കൊണ്ട് സൈന്യം ചൂരല്‍മലയില്‍ 190 അടി നീളത്തിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. Learn about the brave woman Major Sita Ashok Shelke
മഴയിൽ നനഞ്ഞ് ചെളിയിൽ പുതഞ്ഞ് ചൂരല്‍മലയില്‍ നിന്ന സൈനികരും മറ്റു രക്ഷാപ്രവർത്തകരുമടങ്ങുന്ന പുരുഷാരത്തിനു നടുവിൽ തല ഉയർത്തി നിന്ന ഒരു വനിതയെ അപ്പോഴാണ് ആളുകൾ കണ്ടത്. അത് മറ്റാരുമായിരുന്നില്ല.
മേജർ സീത അശോക് ഷെൽക്കെ എന്ന മഹാരാഷ്ട്രക്കാരി ആയിരുന്നത്.
പാലം നിർമിച്ചത് ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയർ ഗ്രൂപ്പ് (MEG) ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്ന എഞ്ചിനീയറിങ് വിഭാഗമാണ് മദ്രാസ് സാപ്പേഴ്‌സ് എന്ന് അറിയപ്പെട്ടുന്ന ഇവർ. ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയ സംഘത്തിലെ എൻജിനീയറാണ് സീത അശോക് ഷെൽക്കെ.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിൽ അന്ന് കേവലം 600 പേര്‍ മാത്രമുള്ള ഗാഡില്‍ഗാവ് എന്ന ഗ്രാമത്തിലാണ് സീത ജനിച്ചത്. ജനിച്ചത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നുവെങ്കിലും, തന്റെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കള്‍ സീതയുടെ ഒപ്പം നിന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ സീത അഹമ്മദ്നഗറിലെ ലോനിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാര റൂറല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുമാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്. കര്‍ഷകനും അഭിഭാഷകനുമായിരുന്ന അശോക് ഭിക്കാജി ഷെല്‍ക്കെയുടെ നാലു പെൺമക്കളിൽ രണ്ടാമത്തെ ആൾ.അമ്മ വീട്ടമ്മയാണ്. ഗീതാഞ്ജലിയും അനുരാധയും യോഗിനിയുമാണ് സീതയുടെ സഹോദരിമാര്‍.
അവസാന വര്‍ഷ പരീക്ഷയില്‍ 67 ശതമാനം മാര്‍ക്ക് നേടിയായിരുന്നു സീത ബിരുദ പഠനം പൂര്‍ത്തീകരിച്ചത്. സേനയിലെ പരിശീലനത്തിന്റെ ഭാഗമായി സീത ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ (ഒടിഎ) 49 ആഴ്ച നീളുന്ന പരിശീലനത്തിന് ചേർന്ന ശേഷമാണ് സീതയ്ക്ക് സേനയില്‍ ഔദ്യോഗിക സ്ഥാനം ലഭിച്ചത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തില്‍ വന്ന ലേഖനം വായിച്ചതാണ് സൈന്യത്തിലേക്കുള്ള പ്രവേശനത്തിന് പ്രചോദനം.അതിനുമുമ്പ്ഐ പിഎസ് നേടാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ആ ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തില്‍ വന്ന ലേഖനം വായിച്ച ശേഷമാണ് സീത സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്.
എസ്എസ്ബിയുടെ (SSB) അഭിമുഖത്തില്‍ രണ്ടുതവണ പരാജയപ്പെട്ടുവെങ്കിലും സ്വപ്നത്തിലേക്കുള്ള ശ്രമം തുടര്‍ന്ന സീത മൂന്നാമത്തെ ശ്രമത്തിലാണ് വിജയിച്ചത്. മുന്‍ ലെഫ്റ്റനന്റ് കേണലായ പ്രദീപ് ബ്രഹ്‌മങ്കര്‍, സേനയിലെ ഉദ്യോഗസ്ഥന്‍മാരായ പികെ ബാനര്‍ജി, ഹൃഷികേശ് ആപ്തെ എന്നിവരാണ് അവർക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.