കോഴിക്കോട്: മൊകവൂരിൽ വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പോൽചിറക്കൽ സ്വദേശി സതിക്കാണ് (75) ആക്രമണത്തിൽ പരിക്കേറ്റത്.In Mokavur, a buffalo entered the house and stabbed an elderly woman
തലയ്ക്ക് പരിക്കേറ്റ സതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.
എരഞ്ഞിക്കൽ സ്വദേശിയുടെ പോത്ത് വിരണ്ടോടി നമ്പോൽചിറക്കലിലെ ബാബുവിന്‍റെ വീടിനടുത്തേക്ക് ഓടികയറി വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ബാബുവിന്റെ ഭാര്യ ഷൈനിയെയും അമ്മ സതിയെയും ആക്രമിക്കുകയായിരുന്നു.
ഷൈനി ഒഴിഞ്ഞുമാറിയെങ്കിലും അമ്മയ്ക്ക് കുത്തേറ്റു. തെറിച്ചുവീണ സതിക്ക് തലയ്ക്ക് പരിക്കേറ്റു. വീടിനുള്ളിൽ കയറിയ പോത്ത് വീണ്ടും അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ ബിജു പോത്തിനെ പിന്നിൽ നിന്ന് അടിച്ചതിനെ തുടർന്ന് പോത്ത് പുറത്തേക്ക് ഓടി.
തുടർന്ന് റോഡിലൂടെ നടന്നു പോയ ഒരാളെയും പോത്ത് ആക്രമിച്ചു. ഇയാളുടെ കാലിന് പരിക്കുണ്ട്. റോഡരികിൽ നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ മറിച്ചിട്ടു. പോത്തിനെ ഉടമയും ഫയർഫോഴ്സുമെത്തി പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് പഴയ ഉടമയെത്തിയാണ് നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പോത്തിനെ പിടിച്ചുകെട്ടിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാളുടെ പക്കൽ നിന്നും എരഞ്ഞിക്കൽ സ്വദേശി പോത്തിനെ വാങ്ങിയത്.