നിലവിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രധാന ഫുട്ബോൾ ക്ലബ്ബുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലും ഗോകുലം ഐ ലീഗിലുമാണ് പന്ത് തട്ടുന്നത്. ഐ ലീഗിൽ ചാമ്പ്യന്മാരായാൽ ഗോകുലത്തിന് ഇന്ത്യയുടെ പ്രഥമ ഡിവിഷനായ ഐഎസ്എല്ലിലും പന്ത് തട്ടാനാവും. ഇപ്പോഴിതാ ഈ രണ്ട് ക്ലബ്ബുകൾക്കും പുറമെ കേരളത്തിൽ നിന്നും പ്രൊഫഷണൽ ലീഗിൽ പന്ത് തട്ടാൻ കൂടുതൽ ടീമുകൾ എത്തുമെന്നാണ് സൂചനകൾ.Actor Prithviraj is planning to invest in football
കുറച്ച് ആഴ്ചകൾക്ക് മുമ്പ് കേരളാ സൂപ്പർ ലീഗിന്റെ ഫ്രാഞ്ചസികളെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം. തൃശൂർ എന്നീ 6 നഗരങ്ങളെ പ്രതിനിധികരിക്കുന്ന ഫ്രാഞ്ചസികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ 6 ക്ലബ്ബുകളും നിലവിൽ സൂപ്പർ ലീഗ് കേരളയിൽ കളിക്കാനുള്ള ടീമുകൾ മാത്രമാണ്.
അതേസമയം ഫുട്‌ബോളിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ് നടൻ പൃഥ്വിരാജ്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മാതൃകയിൽ ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികൾ സ്വന്തമാക്കാനാണ് പൃഥ്വിയുടെ നീക്കം. മലയാളം സിനിമയിൽ നിന്ന് നിലവിൽ സ്‌പോർട്‌സ് മേഖലയുമായി ബന്ധപ്പെട്ട് ആരും പ്രവർത്തിക്കുന്നില്ല.
പൃഥ്വിരാജിന്റെ വരവോടെ കൂടുതൽ താരങ്ങൾ സ്‌പോർട്‌സ് മേഖലയിൽ നിക്ഷേപം നടത്താൻ തയാറാകുമെന്നാണ് വിലയിരുത്തൽ.സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറ് ക്ലബുകളിലൊന്നാണ് തൃശൂർ റോർസ് എഫ്.സി. ഓസ്‌ട്രേലിയൻ ലീഗിൽ കളിക്കുന്ന ബ്രിസ്‌ബെയ്ൻ റോർസ് എഫ്.സിയുടെ ചെയർമാനും സി.ഇ.ഒയുമായ കാസ് പടാഫ്ത ആണ് ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
മാഗ്നസ് സ്‌പോർട്‌സ്, നുസീം ടെക്‌നോളജീസ് എന്നീ കമ്പനികളാണ് ടീമിന്റെ മറ്റ് ഓഹരിയുടമകൾ. പൃഥ്വിരാജ് കൂടി വരുന്നതോടെ നിക്ഷേപത്തിനൊപ്പം ടീമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാകും. വലിയ ഫാൻബേസ് ഉണ്ടാക്കിയെടുക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ലോകത്ത് വലിയ ഹിറ്റായി മാറാൻ കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ വരവാണ്. പ്രഥമ സീസൺ മുതൽ സച്ചിന്റെ സാന്നിധ്യം ടീമിന് വലിയതോതിൽ ആരാധകരെ സൃഷ്ടിക്കാൻ ഇടയാക്കി. ഈ മാതൃക പകർത്താനാണ് തൃശൂർ റോർസ് എഫ്‌സിയുടെ ശ്രമവും. പൃഥ്വിരാജുമായി ആദ്യവട്ട ചർച്ചകൾ പൂർത്തിയായെന്നാണ് വരുന്ന റിപ്പോർട്ടുകൾ.പൃഥ്വിരാജ് ക്ലബുമായി സഹകരിച്ചാൽ അതിന്റെ ഗുണം സൂപ്പർ ലീഗ് കേരളയ്ക്കും ലഭിക്കും.
സൂപ്പർ ലീഗ് കേരളയുടെ പിന്നിലെ ബുദ്ധികേന്ദ്രം പ്രമുഖ ബിസിനസുകാരനായ നവാസ് മീരാനാണ്. അദ്ദേഹമാണ് കേരള ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റ്. കേരള ഫുട്‌ബോളിനെ പുതിയ തലത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരള അണിയിച്ചൊരുക്കുന്നത്. ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതി അടക്കമുള്ളവർ ലീഗിൽ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.
കോടികൾ മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികൾക്ക് വരുമാനം പ്രധാനമായും വരുന്നത് സ്പോൺസർഷിപ്പ്, ഗേറ്റ് കളക്ഷൻ, സെൻട്രൽ റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാർ സ്പോർട്സും ഹോട്ട്സ്റ്റാറും ആണ് സൂപ്പർ ലീഗ് കേരളയുടെ ചാനൽ പാർട്ണർമാർ. തുടക്കത്തിൽ പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.
സ്പോൺസർപ്പിലൂടെ കൂടുതൽ വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാർക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയിൽ കൂടുതൽ ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വർഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താൻ.
എന്നാൽ സൂപ്പർ ലീഗ് കേരളയ്ക്ക് പുറമെ ഈ ടീമുകളെ ഐ ലീഗിലേക്ക് എത്തിക്കാനുള്ള ചില നീക്കങ്ങൾ നടക്കുകയാണ്. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് സൂപ്പർ ലീഗിലെ ചാമ്പ്യന്മാർക്ക് ഐ ലീഗിലേക്ക് യോഗ്യത നൽകാനുള്ള നീക്കം കേരളാ ഫുട്ബോൾ അസോസിയേഷൻ നടത്തുകയാണ്. കെഎഫ്എയുടെ ഈ നീക്കം വിജയിച്ചാൽ സൂപ്പർ ലീഗിലെ ചാമ്പ്യന്മാർക്ക് ഐ ലീഗ് കളിക്കാനാവും. വിജയകരമാവുമെന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും എഐഎഫ്എഫ് ഈ നീക്കത്തിൽ പച്ചക്കൊടി കാണിക്കാൻ.