എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബുകൾ ഉഗ്രശേഷിയുള്ളവയാണെന്ന് പൊലീസിനെ ഉദ്ധരിച്ചു കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Two steel bombs found in a vacant plot in Koothuparamba)
കിണറ്റിൻ്റവിട ആമ്പിലാട് റോഡിന് സമീപം വഴിയരികിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ച് വരികയാണ്.
പ്രധാനമായി ആളൊഴിഞ്ഞ പറമ്പ്, വീടുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ഉടനീളം പൊലീസ് പരിശോധന നടത്തുന്നത്. പ്രത്യേകിച്ച് മുന്‍പ് സംഘര്‍ഷം ഉണ്ടായിട്ടുള്ള തലശേരി, ന്യൂമാഹി, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളിലാണ് പരിശോധന വ്യാപകമായി നടക്കുന്നത്.
Read More: തെന്നിന്ത്യൻ താര സുന്ദരി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്ക് വെല്ലുവിളി ആകുമോ ഈ താരം