മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52 വയസായിരുന്നു. വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് മരണപ്പെട്ടത്. രാവിലെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. (Former India pacer David Johnson passed away aged 52)
ബംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്‌ളാറ്റിലെ നാലാം നിലയിൽ നിന്ന് ജോൺസൺ താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസനെ വിഷാദരോഗം അടക്കമുള്ള അസുഖങ്ങൾ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .
രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ ജോണ്‍സണ്‍ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഡേവിഡ് ജോണ്‍സണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായാണ് അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ ജവഗല്‍ ശ്രീനാഥിന് പകരമായാണ് അന്ന് ജോണ്‍സണ്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത്.
ഈ മത്സരത്തില്‍ വെങ്കിടേഷ് പ്രസാദിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്ത ജോണ്‍സണ്‍ മൈക്കല്‍ സ്‌ളേറ്ററിന്റെ വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു രണ്ടാം ടെസ്റ്റ്. ഇതില്‍ ഗിബ്‌സിന്റെയും മാക്മില്ലന്റെയും വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റും ഒരു സെഞ്ച്വറി അടക്കം 437 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കോച്ചിംഗിൽ ജോൺസൺ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു.