കൊച്ചി: മലയാളികളുടെ തീന്മേശയിൽ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് മത്സ്യവിഭവങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മത്തി, അത് ഇഷ്ടമില്ലാത്ത മലയാളി കാണില്ല. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി പൊന്നുംവിലയ്ക്കാണ് മത്തി വിൽക്കുന്നത്.
ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക്. 300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. വില കൂടിയതോടെ സ്റ്റാർ ആയ മത്തിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളും ചാകരയായി വരുന്നുണ്ട്.
‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ കൊമ്പൻ സ്രാവുകൾ കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച് കിലോയ്ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്. പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍…’ – സത്യത്തിൽ എല്ലാ മലയാളികളുടെയും മനസിലെ വാചകം തന്നെ ആണ് ഇത്.
എന്നാൽ മലയാളിയുടെ അടുക്കളയിൽ നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തപ്പെട്ട മത്തി വീണ്ടും തിരിച്ചുവരുന്നു എന്നാണ് പുതിയ റിപ്പോർട്ട്. കേരളാതീരത്ത് ട്രോളിംഗ് നിരോധനം ആണെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് ടൺ കണക്കിന് മത്തി കേരളത്തിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു.
ഇത് വിലക്കുറവിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. തമിഴ്‌നാട്ടില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ 15ന് അവസാനിച്ചിരുന്നു. അവിടെ നിന്നുള്ള മത്തി കൂടുതലായി എത്തി തുടങ്ങിയതോടെ 360-380 രൂപയിലേക്ക് വില കുറഞ്ഞിട്ടുണ്ട്.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വില 250 രൂപ നിരക്കിലെത്തുമെന്നാണ് കച്ചവടക്കാരും പറയുന്നത്. കടലില്‍ ചൂടു കൂടിയതിനാല്‍ ഇത്തവണ മീന്‍ ലഭ്യത കുറവായിരുന്നു. ഇതിനൊപ്പം ട്രോളിംഗ് നിരോധനം കൂടി വന്നതോടെ വള്ളങ്ങള്‍ വെറുംകൈയോടെ തിരിച്ചുവരേണ്ടി വന്നു.
ഏപ്രിലില്‍ തമിഴ്‌നാട്ടില്‍ ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ അവിടെ നിന്നുള്ള വരവും നാമമാത്രമായി. മത്തി വില റെക്കോഡിലേക്ക് പോകാന്‍ കാരണങ്ങള്‍ ഇതൊക്കെയായിരുന്നു.കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കൂ.
ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു.
ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ കേരളാതീരത്ത് മത്തി ലഭ്യത സാധാരണ കുറവാണ്. ഇത്തവണ പക്ഷേ പതിവില്‍ നിന്ന് വ്യത്യസ്തമായി ലഭ്യതയില്‍ വലിയ കുറവു വന്നു. കടല്‍ ചൂടുപിടിക്കുന്ന എല്‍നീനോ പ്രതിഭാസമായിരുന്നു കാരണം.