പോത്തൻകോട് ∙ കളിക്കുന്നതിനിടെ ആഴക്കിണറ്റിലേക്കു വീണ ഒന്നര വയസ്സുകാരൻ ആബേലിന് ഇത് പുനർജന്മം. വെള്ളത്തിനടിയിലേക്കു താണു പോയ കുഞ്ഞ് മുങ്ങിപ്പൊങ്ങിയതും പമ്പുസെറ്റുമായി ഘടിപ്പിച്ച പൈപ്പിൽ പിടിച്ചു.(A one-and-a-half-year-old boy who fell into the well was saved by holding on to the pipe; the grandfather saved the child who was not letting go of his grip)
പിടി വിടാതെ കിടന്ന കുഞ്ഞിനെ മുത്തച്ഛൻ വിജയൻ ഇറങ്ങിയാണ് രക്ഷിച്ചത്. ഇപ്പോൾ മെഡിക്കൽകോളജ് എസ്എടിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആബേൽ.
പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ പുതുവൽ പുത്തൻവീട്ടിൽ അജിയുടെയും ആൻസിയുടെയും മകനാണ് ആബേൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
വീടിനു സമീപത്തുള്ള പഴയ കിണറിന് 14 അടിയോളം താഴ്ചയുണ്ട്. കിണറ്റിനു സമീപം കിടന്ന കസേരയിൽ കയറി അവിടെ നിന്ന് ആബേൽ കൈവരിയിലേക്കു കയറുകയായിരുന്നു.
ഇതു കണ്ട് അമ്മ കുഞ്ഞിനെയെടുക്കാൻ ഓടിച്ചെല്ലുമ്പോഴേക്കും കിണറ്റിനു മുകളിലെ വലയ്ക്കിടയിലൂടെ ഉള്ളിലേക്കു വീണു. മുത്തച്ഛൻ വിജയൻ ഉടനെ കിണറ്റിലേക്കിറങ്ങി. അപ്പോഴേക്കും വെള്ളത്തിനടിയിൽ നിന്ന് ഉയർന്നു വന്ന ആബേൽ പൈപ്പിൽ പിടിച്ചു കരഞ്ഞുകൊണ്ടു കിടക്കുകയായിരുന്നു.
പാത്രം കെട്ടിയിറക്കി അതിനുള്ളിൽ വച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. വീഴ്ചയുടെ ആഘാതമല്ലാതെ കുഞ്ഞിനു പരുക്കേൽക്കാത്തത് ആശ്വാസമായി. പക്ഷേ അതിനിടെ വിജയന് തളർച്ച ബാധിച്ച് കിണറ്റിൽ നിന്നു കയറാനായില്ല.
അയൽവാസികളെത്തി കയറിലൂടെ വിജയനെയും പുറത്തെത്തിച്ചു. സംഭവം അറിഞ്ഞെത്തിയ പോത്തൻകോട് പൊലീസ് ജീപ്പിൽ കുഞ്ഞിനെയും കൊണ്ട് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞു. പിന്നീട് ആംബുലൻസിൽ മെഡിക്കൽ കോളജ് എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയിരുന്നു.