കഴിഞ്ഞ സാമ്പത്തീകവർഷം ഇന്ത്യൻ ബാങ്കുകളിൽ നടന്നത് 36,075 തട്ടിപ്പുകൾ. 2022-23ൽ 13,564 തട്ടിപ്പുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തീക വർഷത്തെ അപേക്ഷിച്ച് 166 ശതമാനമാണ് വർധനയാണ് ഉണ്ടായതെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം രണ്ടിരട്ടിയോളം വർധിച്ചു.
എന്നാൽ തട്ടിപ്പിലുൾപ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു. 2022-23ൽ 26,127 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞവർഷം ഇത് 46.7 ശതമാനം താഴ്ന്ന് 13,930 കോടി രൂപയായി.ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത് സ്വകാര്യബാങ്കുകളിലാണെങ്കിലും തട്ടിപ്പുമൂല്യത്തിൽ മുന്നിൽ പൊതുമേഖലാ ബാങ്കുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലാണ് തട്ടിപ്പുകളുടെ എണ്ണം കൂടുതൽ. തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് വായ്പാരംഗത്താണ്.
ഡിജിറ്റൽ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതൽ സ്വകാര്യബാങ്കുകളിലാണ് . പൊതുമേഖലാ ബാങ്കുകളിൽ വായ്പകളിലാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്. ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 78,213 കോടി രൂപയാണെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. 2022-23ലെ 62,225 കോടി രൂപയെ അപേക്ഷിച്ച് 26 ശതമാനം വർധന. യു.പി.ഐ അടക്കമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് അനുദിനം സ്വീകാര്യത ഏറുന്നുണ്ടെങ്കിലും ഇന്ത്യയിൽ കറൻസിക്ക് പ്രിയം കുറയുന്നില്ലെന്ന് റിസർവ് ബാങ്ക് പറയുന്നു.
വിനിമയത്തിലുള്ള കറൻസികളുടെ എണ്ണം കഴിഞ്ഞവർഷം 7.8 ശതമാനവും മൂല്യം 3.9 ശതമാനവും ഉയർന്നു. 14,687 കറൻസി നോട്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 6,017 കോടിയും 500 രൂപാ നോട്ടുകളാണ്. 10 രൂപയുടെ നോട്ടുകളാണ് 2,495 കോടി എണ്ണവുമായി തൊട്ടുപിന്നിലുള്ളത്.
2,000 രൂപ നോട്ട് വിപണിയിൽ നിന്ന് പിൻവലിച്ചതോടെ നിലവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഏറ്റവും മൂല്യമേറിയ നോട്ട് 500 രൂപയുടേതാണ്. ഇതാണ് 500ന്റെ നോട്ടുകൾക്ക് പ്രിയമേറാൻ കാരണം.
ബാങ്കിംഗ് മേഖലയിലേക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ എത്തിയ വ്യാജ 2,000 രൂപാ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ 9,806ൽ നിന്ന് 26,000 ആയി ഉയർന്നു. കഴിഞ്ഞവർഷമെത്തിയ മൊത്തം 2.22 ലക്ഷം കള്ളനോട്ടുകളിൽ 85,711 എണ്ണവും 500 രൂപയുടേതാണ്. റിസർവ് ബാങ്ക് അടുത്തിടെ അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അഥവാ ഇ-റുപ്പിയുടെ പ്രചാരത്തിലുള്ള മൂല്യം മുൻവർഷത്തെ 16.39 കോടി രൂപയിൽ നിന്ന് കഴിഞ്ഞവർഷം 234.12 കോടി രൂപയായി വർധിച്ചു. ഇതിൽ 70 ശതമാനവും 500 രൂപയുടെ ഇ-റുപ്പികളാണ്.