ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും തീരങ്ങളിലാകും ചുഴലിക്കാറ്റ് എത്തുക. 110 മുതൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് അർധരാത്രിയോടെ റീമൽ ചുഴലിക്കാറ്റ് കരതൊടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ അതിർത്തി തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മറ്റന്നാളോടെ കാറ്റിന്റെ ശക്തി 60 കിലോമീറ്ററിലേക്ക് കുറയും. പശ്ചിമ ബംഗാളിലും ഒഡിഷയിലും ബംഗ്ലാദേശിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ വരെ ബംഗാളിലും ഒഡിഷയിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ അടച്ചിടും. കേരളത്തിന് റീമൽ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് കരതൊടുന്ന റീമൽ ചുഴലിക്കാറ്റിൻറെ ശക്തി മറ്റന്നാളോടെ കുറയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം.
Read Also:വന്നത് കൈയ്യും വീശി തിരിച്ചു പോരാനല്ല; കാനിൽ ഇന്ത്യയുടെ അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും









