പ്രതാപ കാലത്ത് ബുർജ് ഖലീഫയിൽ ഒരുപാട് നിലകൾ വിലക്കുവാങ്ങി. യാത്ര ചെയ്യാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റുകൾ, റോഡിൽ കുതിക്കാൻ ഒട്ടേറെ ആഡംബര വാഹനങ്ങൾ ബവഗുതി രഘുറാം ഷെട്ടി അല്ലെങ്കിൽ ബിആർ ഷെട്ടി എന്ന ഇന്ത്യക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും 665 രൂപയുമായി ഗൾഫ് രാജ്യത്തേക്ക് പറന്നിറങ്ങിയ ബിആർ ഷെട്ടിയുടെ വളർച്ച ശരവേഗത്തിലായിരുന്നു. പിന്നീട് കെട്ടിപ്പടുത്തത് യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് ഓപ്പറേറ്ററായ എൻഎംസി ഹെൽത്തായിരുന്നു.
ബിആർ ഷെട്ടിക്ക് 18,000 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. എൻഎംസി ഹെൽത്തിന് പുറമെ ഫിനാബ്ലർ, ബിആർഎസ് വെഞ്ചേഴ്സ്, നിയോഫാർമ എന്നിവയുൾപ്പെടെ പുതിയ സംരംഭങ്ങളിലൂടെ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ചു. ആഡംബര ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ 200 കോടി രൂപ മുടക്കി ബുർജ് ഖലീഫയിൽ രണ്ട് നിലകൾ സ്വന്തമാക്കി. കോടികളുടെ പ്രൈവറ്റ് ജെറ്റുകൾ, മെയ്ബാക്കും റോൾസ് റോയിസും അടക്കമുള്ള ആഡംബര കാറുകളും ഷെട്ടിയുടെ ഗാരേജിൽ എത്തി.
ദുബായ് വേൾഡ് ട്രെഡ് സെന്ററിലും പാം ജുമൈറയിലും ആഡംബര വീടുകൾ ബിആർ ഷെട്ടി സ്വന്തമാക്കി.എന്നാൽ ഒരു ദുസ്വപ്നം പോലെ 2019ൽ ആയിരുന്നു ബിആർ ഷെട്ടിയുടെ കഷ്ടകാലം തുടങ്ങിയത്. യഥാർത്ഥ കടം മറച്ചുവയ്‌ക്കാൻ പണമൊഴുക്ക് വർദ്ധിപ്പിക്കുകയാണെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിച്ച കാർസൺ ബ്ലോക്ക് എന്ന നിക്ഷേപ ഗവേഷണ സ്ഥാപനം ആരോപിച്ചതോടെയാണ് പ്രതിസന്ധികൾ തുടങ്ങിയത്. ഇതോടെ എൻഎംസി ഹെൽത്തിന്റെ ഓഹരികളിൽ ഗണ്യമായ ഇടിഞ്ഞു.ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ബോദ്ധ്യമായ ഷെട്ടി തന്റെ കമ്പനിയെ വെറും 74 കോടിരൂപയ്ക്ക് ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കാൻ നിർബന്ധിതനായി. ഈ ഇന്ത്യൻ ശതകോടീശ്വരന്റെ കഥ കഴിഞ്ഞ ദശകത്തിലെ കോർപ്പറേറ്റ് തകർച്ചയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ബിആർ ഷെട്ടിയുടെ ഈ തകർച്ച ബിസിനസ് ലോകത്തെ ഒന്നാകെ പിടിച്ചുലച്ചിരുന്നു.









