കഴിഞ്ഞ ദിവസം ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്ക ആരാധകരുടെ ചീത്തവിളി കുറച്ചൊന്നുമല്ല വാങ്ങിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിനു പിന്നാലെയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിവിധ കോണുകളില്‍ വലിയ പ്രതിഷേധങ്ങളാണ് സഞ്ജീവിനെതിരേ ഉയര്‍ന്നത്.
ഇപ്പോൾ വിവാദങ്ങള്‍ തണുപ്പിക്കാന്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ് സഞ്ജീവ് ഗോയങ്ക. രാഹുലിന് മാത്രമായി അത്താഴവിരുന്നൊരുക്കിയാണ് ഗോയങ്ക രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം രാഹുലിന് അത്താഴവിരുന്നൊരുക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് വേണ്ടി ഡല്‍ഹിയിലെത്തിയതാണ് രാഹുലും സംഘവും. ഇതിനിടയിലാണ് ഗോയങ്ക രാഹുലിനെ വിരുന്നിന് ക്ഷണിച്ചത്. രാഹുലിനൊപ്പം നില്‍ക്കുന്നതും താരത്തെ കെട്ടിപ്പിടിക്കുന്നതുമായുള്ള ചിത്രങ്ങള്‍ സഞ്ജീവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. എന്നാൽ, ഇത് പുതിയ അടവാണെന്നാണ് സോഷ്യൽ മീഡിയയിലെ രാഹുൽ ആരാധകരുടടെ അഭിപ്രായം.









