കൊച്ചി: മംഗളൂരുവിനും ലക്ഷദ്വീപിനും ഇടയില്‍ അതിവേഗ ഫെറി സര്‍വീസ് തുടങ്ങി. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്രാ സമയത്തില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ കുറവ് വരുമെന്നാണ് വിലയിരുത്തല്‍. പരളി എന്നാണ് അതിവേഗ ഫെറി സര്‍വീസിന് പേരിട്ടിരിക്കുന്നത്.
മേയ് മൂന്നിന് ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയില്‍ 160 യാത്രക്കാര്‍ ഉണ്ടായിരുന്നു. വെറും ഏഴു മണിക്കൂറിൽ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തി. നേരത്തെ ഇതേ പാതയില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 13 മണിക്കൂര്‍ ആയിരുന്നു വേണ്ടിയിരുന്നത്. പരീക്ഷണ സര്‍വീസുകള്‍ക്ക് ശേഷം മംഗളൂരു – ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനര്‍ സേവനം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി.
പശ്ചിമഘട്ടത്തിലെ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസം, വിശ്രമ വിനോദസഞ്ചാരം എന്നിവയെല്ലാം എളുപ്പമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഈ തുടക്കം.