കൊച്ചി: സംസ്ഥാനത്ത് യൂസ്ഡ് വെഹിക്കിൾ കച്ചവടമേഖല തകർന്നു. കഴിഞ്ഞ നവംബർ 26 മുതലാണ് പ്രതിസന്ധി ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.ആർ.സി ബുക്ക് ലഭിക്കാത്തതിനാലാണ് പഴയ വാഹനങ്ങളുടെ കൈമാറ്റം നടക്കാതെ സെക്കൻ്റ് ഹാൻഡ് വാഹന വിപണി പ്രതിസന്ധിയിലായത്.
പ്രധാന പ്രശ്നങ്ങൾ
• വാഹനവകുപ്പിലെ പ്രതിസന്ധിയാണ് വലിയപ്രശ്നം. വിറ്റ വാഹനങ്ങളുടെ ആർ.സി. ബുക്ക് മാറ്റിക്കൊടുക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് ഇൻഷുറൻസ് രേഖകളിൽ മാറ്റംവരുത്താനും കഴിയുന്നില്ല. ഫിനാൻസ് സൗകര്യംചെയ്ത് വാഹനങ്ങൾ വില്ക്കാനും സാധിക്കില്ല.
• വാഹനം ഡീലർവഴി വിറ്റാലും ആർ.സി. ബുക്ക് മാറാത്തതിനാൽ എ.ഐ. ക്യാമറകളുടെ പിഴ സംബന്ധിച്ചവിവരം പഴയ ആർ.സി. ഉടമസ്ഥന്റെ വിലാസത്തിലേക്ക് പോകുന്നു. ഇത് വിറ്റയാളും ഡീലർമാരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കുന്നു.
• ചെറിയ ചരക്കുവാഹനങ്ങളുടെ കച്ചവടംനിന്നു. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അതിന് ഒർജിനൽ ആർ.സി. ബുക്കും മറ്റുരേഖകളും ഹാജരാക്കണം.
• ഇ-ചെല്ലാൻ വിവരങ്ങൾ ലഭിക്കണമെങ്കിൽ ആർ.സി. ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. നമ്പർ ആവശ്യമാണ്. പഴയ ഉടമകളുടെ ഫോൺ നമ്പരുകളിലെത്തുന്ന ഒ.ടി.പി. കൈമാറിക്കിട്ടുന്നില്ല. പല നമ്പരും നിലവിലില്ലാത്തതാണ്.
• പിഴകളെല്ലാം അടച്ചുവേണം വാഹനം വില്ക്കാൻ. മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയിട്ടുള്ള പിഴ അടയ്ക്കാൻ ഏകജാലക സംവിധാനമില്ല
സംസ്ഥാനത്ത് 40000 യൂസ്ഡ് വെഹിക്കിൾ സ്ഥാപനങ്ങളുണ്ട്. മുമ്പ് ഒരുമാസം 15 വാഹനങ്ങൾ വിറ്റിരുന്നു. ഇപ്പോൾ അഞ്ചെണ്ണത്തിൽ താഴെയാണ് വില്പന. ആർ.സി ബുക്കിനായി 200 രൂപയും അതിനുപുറമേ തപാൽചാർജായ 45 രൂപയും മോട്ടോർവാഹനവകുപ്പിന് നൽകുന്നുണ്ട്.
തേവരയിലെ സെൻട്രലൈസ്ഡ് ആർ.സി പ്രിന്റിംഗ് സ്റ്റേഷനാണ് ആർ.സി ബുക്കും ലൈസൻസും അച്ചടിക്കുന്നത്. ഇവർ അച്ചടിച്ച് തപാൽവകുപ്പുവഴി ഉടമയ്ക്ക് നൽകണം. പാലക്കാട് ഐ.ടി.ഐയാണ് പി.വി.സി കാർഡ് വിതരണം ചെയ്തിരുന്നത്. ഇവർക്ക് എട്ടുകോടിയോളംരൂപ നൽകാനുണ്ട്.പുതിയ ലൈസൻസ്, ആർ.സി ബുക്കെടുക്കൽ, പുതുക്കൽ, പേരുമാറ്റൽ എന്നിങ്ങനെ 50000ഓളം അപേക്ഷകളാണ് പ്രതിദിനം എത്തുന്നത്.
ആർ.സി ബുക്ക് ലഭിക്കാത്തതിനാൽ വില്പന നടത്തിയ വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക യഥാർത്ഥ ഉടമയുടെ പേരിലേക്ക് മാറ്റാനും കഴിയുന്നില്ല. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക ക്ലെയിംചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ടാക്‌സികൾക്ക് അന്യസംസ്ഥാനങ്ങളിലേക്ക് പോകാനും അദർസ്‌റ്റേറ്റ് പെർമിറ്റ് കിട്ടാനും ആർ.സി ബുക്ക് അത്യാവശ്യമാണ്. ഇത് കിട്ടുന്നതിലെ കാലതാമസം ടാക്‌സി ഉടമകൾക്കും വരുമാന നഷ്ടമുണ്ടാക്കുന്നു.
ഒറിജിനൽ ആർ.സി ബുക്കില്ലാതെ ഫിനാൻസ് കമ്പനികൾ ലോൺതരില്ല.ഹൈക്കോടതിയെ സമീപിക്കുംആർ.സിബുക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂസ്ഡ് വെഹിക്കിൾ സെല്ലേഴ്സ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയെ സമീപിക്കാനിരുന്നപ്പോൾ ഉടൻ പരിഹാരം കാണുമെന്ന് അറിയിച്ച് 24ന് പ്രിന്റിംഗ് തുടങ്ങി. എന്നാൽ 25000 ബുക്കുകൾ മാത്രമാണ് പ്രിന്റ് ചെയ്തത്. മേയ് 10നകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിലായില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങും.