മൊബൈൽ ഗെയിമിനോടുള്ള ആസക്തി മൂലം ആളുകൾ എന്തും കാട്ടിക്കൂട്ടുന്ന കാലമാണിത്. ആത്മഹത്യ വരെ ഇതിന്റെ പേരിൽ നടക്കാറുണ്ട്. ഇതൊക്കെ സാധാരണ മനുഷ്യരുടെ കാര്യം. എന്നാൽ ഒരു പുരോഹിതൻ ഇതിലൊക്കെ ചെന്ന് പെട്ടാലോ? ഗെയിമിങ്ങിന് അടിമയായി പണി കിട്ടിയ ഒരു കത്തോലിക്കാ പുരോഹിതന്റെ വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ വെറുതെ അങ്ങ് ഗെയിം കളിക്കുകയല്ല പുരോഹിതൻ ചെയ്തത്. കാൻഡി ക്രഷ് മോഡലിലുള്ള ഗെയിം കളിക്കുന്നതിനുവേണ്ടി ഏകദേശം 33 ലക്ഷം രൂപയാണ് ഇദ്ദേഹം പള്ളി ഫണ്ടിൽ നിന്നും മോഷ്ടിച്ചത്. ഗെയിം കളിക്കാൻ പുരോഹിതൻ പള്ളിയുടെ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയ ഇടവകക്കാർ ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. റവ. ലോറൻസ് കൊസാക്ക് എന്ന കത്തോലിക്കാ പുരോഹിതനാണ് അതിക്രമം കാട്ടിയത്. സെന്റ് തോമസ് മോർ ചർച്ചിലെ വികാരിയായിരുന്ന ഇദ്ദേഹം, ഗെയിമിനോടുള്ള അഭിനിവേശം മൂത്താണ് ഇത് ചെയ്തത്.
ഏപ്രിൽ 25ന് പുരോഹിതൻ ഫണ്ടിൽ നിന്നും പണം പിൻവലിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. വൈദികനെ ചോദ്യം ചെയ്തപ്പോൾ താൻ ഓൺലൈൻ ഗെയിമിങ്ങിന് അടിമയാണെന്നും ഈ ആസക്തി ഒഴിവാക്കുന്നതിനായി പുറമെ നിന്നുള്ള സഹായം തേടിയിരുന്നു എന്നും വൈദികൻ വെളിപ്പെടുത്തി. പണം എടുത്തത് അറിയാത്ത സംഭവിച്ചതാണെന്നും പള്ളിയുടെ അക്കൗണ്ട് തന്റെ മൊബൈലിൽ ഉപയോഗിച്ചത് മൂലമാണ് ഇത് സംഭവിച്ചത് എന്നും വൈദികൻ പറഞ്ഞു. എന്നാൽ വൈദികനെ അറസ്റ്റ് ചെയ്യാതെ മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. ഇതോടെ ഇദ്ദേഹം തന്റെ സ്വകാര്യ സ്വത്തിൽ നിന്നും ഒരു ഭാഗം ക്രെഡിറ്റ് കാർഡിന്റെ കടം തീർക്കാൻ നൽകി. കൂടാതെ ആറുലക്ഷത്തിന്റെ ചെക്ക് നൽകുകയും മാപ്പ് പറയുകയും ചെയ്തു.