വാഷിംഗ്ടൺ: യുഎസിൽ മരിച്ച നിലയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വിവാദ ഗെയിം. മസാച്യുസെറ്റ്‌സ് സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഇരുപതുകാരനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനപ്രദേശത്തെ നിർത്തിയിട്ട കാറിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് എട്ടിനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബ്രിസ്റ്റോൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വക്താവ് ഗ്രെഗ് മിലിയോട്ട് പറഞ്ഞു. ബ്ലൂ വെയ്ൽ ചലഞ്ച് എന്ന ഓൺലൈൻ ഗെയിമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തേ നിഗമനം. വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നതായി പൊലീസ് പറയുന്നു. ബ്ലൂ വെയിൽ ഗെയിം ആത്മഹത്യയ്ക്ക് പ്രേരകമാണെന്ന് വിദഗ്ധരുടെ അഭിപ്രായം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഗെയിം കളിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിൽ ഒരു അഡ്മിനിസ്ട്രേറ്ററും പങ്കാളിയും ഉൾപ്പെടുന്നു. അഡ്‌മിനിസ്‌ട്രേറ്റർ 50 ദിവസത്തെ കാലയളവിലേക്ക് ഒരു ദിവസം ഒരു ടാസ്‌ക് നൽകുന്നു. തുടക്കത്തിൽ നിരുപദ്രവകരമായ ടാസ്കുകളാണെങ്കിലും പിന്നീട് ഗുരുതരമായ ടാസ്കുകളാണ് നൽകുക. ടാസ്കുകളുടെ അവസാനം മരണമാണ്.