ചെങ്ങന്നൂർ: കൊടുംചൂടിൽ പാലിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷീരസംഘങ്ങൾ നട്ടംതിരിയുന്നു. ചുടു കൂടിയതോടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന പാലിന്റെ പകുതിമാത്രമായി ചുരുങ്ങിയതാണ് ക്ഷീരകർഷകരെ വലയ്ക്കുന്നത്. സംഘങ്ങളിൽ പാലിന്റെ വരവു കുറഞ്ഞതോടെ മിൽമയും വിതരണം കുറച്ചിട്ടുണ്ട്. കടകളിലെത്തുന്ന മിൽമയുടെ കവർപാൽ കുറഞ്ഞു. സ്വകാര്യ ഏജൻസികളുടെ പാലാണ് കടകളിലൂടെ കൂടുതലും വിൽപ്പനക്ക് എത്തുന്നത്. പത്താമുദയത്തിന് ആവശ്യമേറും എന്നതിനാൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ സംഘങ്ങൾക്കും വ്യക്തതയില്ല. ചൂട് കൂടിയതോടെ പശുക്കളിൽ തളർച്ച അനുഭവപ്പെടുന്നതാണ് പാൽ കുറയാൻ കാരണമായത്. സങ്കരയിനം പശുക്കൾക്ക് നാടൻപശുക്കളെ അപേക്ഷിച്ച് ചൂട് താങ്ങാൻ കഴിവില്ല എന്നതും തിരിച്ചടിയായി. പച്ചപ്പുല്ലിന്റെ ലഭ്യതകുറഞ്ഞതും കർഷകർക്കു തിരിച്ചടിയായി. കൊടുംചൂടിൽ പുല്ലെല്ലാംകരിഞ്ഞുണങ്ങി. അതേസമയം ക്ഷീരവകുപ്പ് പ്രത്യേക സഹായം നൽകുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പലതും അപര്യാപ്തമാണെന്നു കർഷകർ പറയുന്നു. ഇങ്ങനെ പോയാൽ കാലിത്തീറ്റയുടെ വില കുറയ്ക്കാൻ സത്വരനടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. വേനൽച്ചൂടിനെ ചെറുക്കാൻ കന്നുകാലികളെ കുളിപ്പിക്കണമെന്നും വെയിൽ കൊള്ളിപ്പിക്കരുതെന്നും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നുണ്ട്.ചില ഫാമുകളിൽ ഫാൻ, ഷവർ എന്നിവയൊക്കെയുണ്ടെങ്കിലും സാധാരണക്കാരായ കർഷകർക്ക് ഇത്തരം സൗകര്യങ്ങളില്ല. മൃഗാശുപത്രികളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് കന്നുകാലികൾക്ക് മരുന്നും പോഷകവസ്തുക്കളും നൽകണമെന്നാണ് കർഷകർ പറയുന്നത്.