അമ്പലപ്പുഴ∙ രാത്രി ഹൃദയാഘാതമുണ്ടായി, ഗൃഹനാഥനെ വീട്ടിൽ നിന്നു വാഹനസൗകര്യമില്ലാത്ത വഴിയിലൂടെ ആംബുലൻസ് വരെ എത്തിക്കാൻ എടുത്തത് ഒരു മണിക്കൂർ! തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹം മരിച്ചു. കഞ്ഞിപ്പാടം 12ൽ ചിറയിൽ വിജയകുമാർ (കുട്ടൻ–48) ആണു യഥാസമയം ചികിത്സ കിട്ടാതെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചത്.
തോട്ടങ്കരയിലെ വിജയകുമാറിന്റെ വീട്ടിൽ നിന്നു പ്രധാന റോഡിലെത്താൻ പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ 2 കിലോമീറ്ററോളം യാത്ര ചെയ്യണം. ഇതിൽ ആദ്യത്തെ ഒരു കിലോമീറ്ററോളം ദൂരം ഇരുചക്ര വാഹനങ്ങൾ മാത്രം പോകുന്ന ഇടുങ്ങിയ വഴിയാണ്. ശേഷിക്കുന്ന ഒരു കിലോമീറ്റർ ഓട്ടോറിക്ഷയ്ക്കു പോകാൻ പറ്റും.
രാത്രി ഭക്ഷണം കഴിച്ച ശേഷമാണു വിജയകുമാറിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. കസേരയിലിരുത്തി നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഒരു കിലോമീറ്ററോളം ചുമന്ന് ഓട്ടോറിക്ഷ വരുന്ന സ്ഥലത്ത് എത്തിച്ചു. പിന്നീട് ഓട്ടോ കിട്ടിയ ശേഷം അതിൽ കയറ്റി കൊപ്പാറക്കടവിലെ പ്രധാന റോഡിലെത്തിച്ച് ആംബുലൻസിൽ കയറ്റി. അപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.